11
വെള്ളത്തിനുമീതേ അപ്പം 
 1 നിന്റെ ധാന്യം സമുദ്രമാർഗം കയറ്റിയയയ്ക്കുക; 
വളരെ നാളുകൾക്കുശേഷം അതിൽനിന്നുള്ള ലാഭം നിന്നിലേക്ക് ഒഴുകിയെത്തും. 
 2 നിനക്കുള്ളത് ഏഴോ എട്ടോ ആയി വിഭജിച്ച് നിക്ഷേപിക്കുക; 
എന്തു ദുരന്തമാണ് ദേശത്ത് വരുന്നതെന്ന് നീ അറിയുന്നില്ലല്ലോ. 
 3 മേഘങ്ങളിൽ ജലകണികകൾ നിറഞ്ഞാൽ, 
അവ ഭൂമിയിലേക്കു പെയ്തിറങ്ങും. 
ഒരു വൃക്ഷം വീഴുന്നത് തെക്കോട്ടായാലും വടക്കോട്ടായാലും, 
അതു വീഴുന്നത് എവിടെയോ അവിടെത്തന്നെ കിടക്കും. 
 4 കാറ്റിനെ നിരീക്ഷിക്കുന്നവർ വിതയ്ക്കുകയില്ല; 
മേഘങ്ങളെ നോക്കുന്നവർ കൊയ്യുകയുമില്ല. 
 5 കാറ്റിന്റെ ഗതി നിനക്ക് അജ്ഞാതമായിരിക്കുന്നതുപോലെ, 
ശരീരം അമ്മയുടെ ഗർഭത്തിൽ ഉരുവാകുന്നത് എങ്ങനെയെന്നും നീ അറിയുന്നില്ലല്ലോ, 
അതുകൊണ്ട്, സകലതും ഉണ്ടാക്കിയ ദൈവത്തിന്റെ പ്രവൃത്തിയും 
നിനക്കു മനസ്സിലാക്കാൻ കഴിയുകയില്ല. 
 6 പ്രഭാതത്തിൽ നിന്റെ വിത്തു വിതയ്ക്കുക, 
സായാഹ്നത്തിൽ നിന്റെ കരങ്ങൾ അലസവും ആകരുത്, 
കാരണം ഇതോ അതോ 
ഏതു സഫലമാകുമെന്നോ 
അല്ലെങ്കിൽ രണ്ടും ഒരുപോലെ നന്നായിരിക്കുമെന്നോ നിനക്ക് അറിയില്ലല്ലോ. 
യൗവനത്തിൽ നിന്റെ സ്രഷ്ടാവിനെ ഓർക്കുക 
 7 പ്രകാശം മധുരമാകുന്നു. 
സൂര്യനെ കാണുന്നതു കണ്ണുകൾക്ക് ഇമ്പകരമാകുന്നു. 
 8 ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്നകാലത്തോളം 
അവയെല്ലാം ആസ്വദിക്കട്ടെ. 
എന്നാൽ അന്ധകാരത്തിന്റെ നാളുകൾ അവർ ഓർക്കട്ടെ 
കാരണം അവ ഏറെയാണല്ലോ. 
വരാനുള്ളതെല്ലാം അർഥശൂന്യമാണ്. 
 9 യുവാക്കളേ, നിങ്ങളുടെ യുവത്വത്തിൽ സന്തുഷ്ടരായിരിക്കുക. 
യൗവനനാളുകൾ നിങ്ങളുടെ ഹൃദയത്തിന് ആനന്ദം നൽകട്ടെ. 
നിന്റെ ഹൃദയത്തിന്റെ ആലോചനയെയും 
നിന്റെ കണ്ണുകൾ കാണുന്നതിനെയും പിൻതുടരുക. 
എന്നാൽ ഇവയെല്ലാംനിമിത്തം 
ദൈവം നിന്നെ ന്യായവിസ്താരത്തിനു കൊണ്ടുവരുമെന്ന് നീ അറിയുക. 
 10 അതിനാൽ നിന്റെ ഹൃദയത്തിൽനിന്ന് ഉത്കണ്ഠ ഉന്മൂലനംചെയ്യുകയും 
നിന്റെ ശരീരത്തിലെ പ്രയാസങ്ങൾ വലിച്ചെറിയുകയുംചെയ്യുക, 
കാരണം യൗവനവും അതിന്റെ ഊർജ്ജസ്വലതയും അർഥശൂന്യമല്ലോ.