4
യേശു മരുഭൂമിയിൽ പരീക്ഷിക്കപ്പെടുന്നു 
 1 ഇതിനുശേഷം പിശാചിനാൽ പ്രലോഭിപ്പിക്കപ്പെടുന്നതിന്* അഥവാ, പരീക്ഷിക്കപ്പെടുന്നതിന് ദൈവാത്മാവ് യേശുവിനെ വിജനപ്രദേശത്തേക്ക് കൊണ്ടുപോയി.  2 നാൽപ്പതുപകലും നാൽപ്പതുരാവും ഉപവസിച്ചശേഷം അദ്ദേഹത്തിനു വിശപ്പനുഭവപ്പെട്ടു.  3 അപ്പോൾ പ്രലോഭകൻ അടുത്തുചെന്ന്, “അങ്ങ് ദൈവപുത്രൻ ആണെങ്കിൽ, ഈ കല്ലുകളോട് അപ്പം ആകാൻ ആജ്ഞാപിക്കുക!” എന്നു പറഞ്ഞു. 
 4 അതിന് യേശു, “ ‘മനുഷ്യൻ കേവലം അപ്പംകൊണ്ടുമാത്രമല്ല ജീവിക്കുന്നത്, മറിച്ച് ദൈവത്തിന്റെ തിരുവായിൽനിന്നു പുറപ്പെടുന്ന സകലവചനങ്ങളാലും ആണ്’ എന്ന് എഴുതിയിരിക്കുന്നു”† ഈ പ്രയോഗം പഴയനിയമഗ്രന്ഥത്തിൽനിന്നുള്ള ഉദ്ധരണിയെ സൂചിപ്പിക്കുന്നു.‡  ആവ. 8:3 എന്ന് ഉത്തരം പറഞ്ഞു. 
 5 തുടർന്ന് പിശാച് യേശുവിനെ വിശുദ്ധനഗരത്തിലേക്ക് കൊണ്ടുവന്ന്, ദൈവാലയത്തിന്റെ ഗോപുരാഗ്രത്തിൽ നിർത്തിയിട്ട്,  6 “അങ്ങ് ദൈവപുത്രൻ ആകുന്നു എങ്കിൽ, താഴേക്കു ചാടുക. 
“ ‘ദൈവം തന്റെ ദൂതന്മാരോട് അങ്ങയെ സംരക്ഷിക്കാൻ കൽപ്പിക്കും, 
അവർ അങ്ങയുടെ പാദങ്ങൾ കല്ലിൽ മുട്ടാതെ 
അങ്ങയെ അവരുടെ കരങ്ങളിലേന്തും,’§  സങ്കീ. 91:11,12 
എന്ന് എഴുതിയിരിക്കുന്നല്ലോ,” എന്നു പറഞ്ഞു. 
 7 യേശു അവനോട്, “ ‘നിങ്ങളുടെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്’*  ആവ. 6:16 എന്നും എഴുതിയിരിക്കുന്നു.” 
 8 വീണ്ടും, പിശാച് യേശുവിനെ വളരെ ഉയർന്ന ഒരു മലയിലേക്കു കൂട്ടിക്കൊണ്ടുപോയി. ലോകത്തിലെ സകലരാജ്യങ്ങളും അവയുടെ മഹത്ത്വവും അദ്ദേഹത്തെ കാണിച്ചിട്ട്,  9 “ഇവയെല്ലാം ഞാൻ നിനക്കു തരാം, എന്നെ ഒന്ന് സാഷ്ടാംഗം വീണുവണങ്ങിയാൽ മതി.” എന്ന് അവൻ പറഞ്ഞു. 
 10 അപ്പോൾ യേശു അവനോട്, “സാത്താനേ, എന്നെ വിട്ട് പോകൂ! ‘നിങ്ങളുടെ ദൈവമായ കർത്താവിനെ വണങ്ങി അവിടത്തെമാത്രമേ സേവിക്കാവൂ’†  ആവ. 6:13 എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്” എന്നു പറഞ്ഞു. 
 11 അപ്പോൾ പിശാച് യേശുവിനെ വിട്ടുപോയി, ദൂതന്മാർ വന്ന് അദ്ദേഹത്തെ ശുശ്രൂഷിച്ചു. 
യേശുവിന്റെ ശുശ്രൂഷ ആരംഭിക്കുന്നു 
 12 യോഹന്നാൻസ്നാപകനെ കാരാഗൃഹത്തിലടച്ചു എന്നു മനസ്സിലാക്കി യേശു ഗലീലയ്ക്കു മടങ്ങി;  13 നസറെത്തിൽനിന്ന് ഗലീല തടാകതീരത്ത് സെബൂലൂൻ-നഫ്താലി ഗോത്രക്കാരുടെ നാടായ, കഫാർനഹൂമിലേക്ക് അദ്ദേഹം താമസം മാറ്റി. 
 14-16 “സെബൂലൂൻ ദേശവും നഫ്താലി ദേശവും 
തടാകതീരവും യോർദാൻ അക്കരെ നാടും, 
യെഹൂദേതര ഗലീലയും— 
അന്ധകാരത്തിൽ അമർന്നിരുന്ന ജനതതിയൊക്കെയും 
വലിയൊരു പ്രഭ ദർശിച്ചു. 
മരണനിഴൽ വീശിയ ദേശത്തു താമസിച്ചവരുടെമേൽ 
ഒരു പ്രകാശം ഉദിച്ചു!”‡  യെശ. 9:1,2 
എന്ന് യെശയ്യാപ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറി. 
 17 ആ സമയംമുതൽ യേശു, “മാനസാന്തരപ്പെടുക; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു” എന്നു പ്രസംഗിക്കാൻ ആരംഭിച്ചു. 
യേശു ആദ്യശിഷ്യന്മാരെ വിളിക്കുന്നു 
 18 യേശു ഗലീലാതടാകതീരത്തുകൂടി നടന്നുപോകുമ്പോൾ പത്രോസ് എന്നു വിളിക്കപ്പെട്ട ശിമോനെയും അദ്ദേഹത്തിന്റെ സഹോദരനായ അന്ത്രയോസിനെയും കണ്ടു. മീൻപിടിത്തക്കാരായ അവർ തടാകത്തിൽ വലയിറക്കുകയായിരുന്നു.  19 യേശു അവരോട്, “എന്നെ അനുഗമിക്കുക, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും”§ മനുഷ്യരെ പിടിക്കുന്നവരാക്കും, വിവക്ഷിക്കുന്നത് സുവിശേഷം അറിയിച്ച് മനുഷ്യരെ എന്റെ അനുഗാമികളാക്കുന്നവരാക്കും എന്നാണ്. എന്നു പറഞ്ഞു.  20 ഉടൻതന്നെ അവർ വല ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു. 
 21 അവിടെനിന്നു മുമ്പോട്ടു പോകുമ്പോൾ യേശു വേറെ രണ്ട് സഹോദരന്മാരെ കണ്ടു: സെബെദിയുടെ മകൻ യാക്കോബിനെയും അദ്ദേഹത്തിന്റെ സഹോദരനായ യോഹന്നാനെയും. അവർ തങ്ങളുടെ പിതാവ് സെബെദിയോടൊപ്പം വള്ളത്തിലിരുന്ന് വല നന്നാക്കുകയായിരുന്നു. യേശു അവരെയും വിളിച്ചു,  22 അവരും പെട്ടെന്ന് വള്ളവും തങ്ങളുടെ പിതാവിനെയും വിട്ട് അദ്ദേഹത്തെ അനുഗമിച്ചു. 
യേശു രോഗികളെ സൗഖ്യമാക്കുന്നു 
 23 യേശു യെഹൂദരുടെ പള്ളികളിൽ ഉപദേശിച്ചും രാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തും ജനങ്ങളുടെ എല്ലാവിധ രോഗങ്ങളും ബലഹീനതകളും സൗഖ്യമാക്കുകയും ചെയ്തുകൊണ്ട് ഗലീലയിൽ എല്ലായിടത്തും സഞ്ചരിച്ചു.  24 അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത സിറിയ പ്രവിശ്യയിൽ എല്ലായിടത്തും പ്രചരിച്ചു. ജനം രോഗബാധിതരായ എല്ലാവരെയും അദ്ദേഹത്തിന്റെ സന്നിധിയിൽ കൊണ്ടുവന്നു; വിവിധ രോഗമുള്ളവർ, അതിവേദന അനുഭവിക്കുന്നവർ, ഭൂതബാധിതർ, അപസ്മാരരോഗികൾ, പക്ഷാഘാതമുള്ളവർ എന്നിവരെയെല്ലാം അദ്ദേഹം സൗഖ്യമാക്കുകയും ചെയ്തു.  25 ഗലീല, ദെക്കപ്പൊലി,* അതായത്, യോർദാൻനദിക്ക് കിഴക്കുള്ള പത്തു പട്ടണങ്ങൾ. ജെറുശലേം, യെഹൂദ്യാ, യോർദാന്റെ അക്കരെയുള്ള പ്രദേശം എന്നിവിടങ്ങളിൽനിന്ന് വലിയൊരു ജനക്കൂട്ടം യേശുവിനെ അനുഗമിച്ചു. 
*4:1 അഥവാ, പരീക്ഷിക്കപ്പെടുന്നതിന്
†4:4 ഈ പ്രയോഗം പഴയനിയമഗ്രന്ഥത്തിൽനിന്നുള്ള ഉദ്ധരണിയെ സൂചിപ്പിക്കുന്നു.
‡4:4 ആവ. 8:3
§4:6 സങ്കീ. 91:11,12
*4:7 ആവ. 6:16
†4:10 ആവ. 6:13
‡4:14-16 യെശ. 9:1,2
§4:19 മനുഷ്യരെ പിടിക്കുന്നവരാക്കും, വിവക്ഷിക്കുന്നത് സുവിശേഷം അറിയിച്ച് മനുഷ്യരെ എന്റെ അനുഗാമികളാക്കുന്നവരാക്കും എന്നാണ്.
*4:25 അതായത്, യോർദാൻനദിക്ക് കിഴക്കുള്ള പത്തു പട്ടണങ്ങൾ.